ബേസില്‍ നെല്ലിമറ്റം
വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ ഇപ്പോഴും കേന്ദ്ര നീക്കത്തിനായി കാത്തിരിക്കുകയാണ്. ഗള്‍ഫ് മേഖലകളിലേക്ക് കപ്പല്‍ അയക്കുമെന്ന തീരുമാനം വന്നിട്ട് ഏറെ നാളുകളായി, എന്നാല്‍ വിഷയത്തില്‍ കൃത്യമായ യാതൊരു വിവരങ്ങളും ആര്‍ക്കും ലഭ്യമായിട്ടില്ല. ജന്മനാട്ടിലേക്കുള്ള വിമാനം പറന്ന് ഉയരുന്നതും കാത്ത് യൂറോപ്യന്‍, അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും കഴിയുന്നുണ്ട്. പ്രവാസികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ലിങ്കുകളില്‍ കയറി മാറി മാറി രജിസ്റ്റര്‍ ചെയ്യുവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.!
കഴിഞ്ഞ ഒരാഴ്ച്ചയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികളുമായി ബദ്ധപ്പെട്ട് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ ദുബായിയും, സൗദിയും, ഖത്തറും, കുവൈറ്റും ഒരുപോലെ പേടിപ്പെടുത്തുന്നതാണ്. ഒമാനും ബഹ്റൈനിലും സമൂഹവ്യാപനം ഇല്ലാത്തതും, മരണങ്ങള്‍ കുറവായതും ആശ്വാസം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച പരിചരണമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്.
അതേസമയം സൗദി, കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലെ പ്രവാസികളുടെ അവസ്ഥ വളരെ ദയനീയമാണ്. ഭക്ഷണത്തിനും വെള്ളത്തിനുവരെ ബുദ്ധിമുട്ടുകയാണ്. ദിവസവും മരണ സംഖ്യ ഉയരുന്നു. അതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ് എന്നത് ആശങ്ക കൂട്ടുന്നു. വരും ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ നേരിടുവാന്‍ സാധ്യതയുള്ള ഏറ്റവും വലിയ വിഷയം സാമ്പത്തിക ബുദ്ധിമുട്ടാകും. ജി സി സി രാജ്യങ്ങളിലെ ഭരണാധികാരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോവിഡ് ദുരിതം നീണ്ടുപോയാല്‍ എത്രനാള്‍ സര്‍ക്കാരുകള്‍ക്ക് പ്രവാസികളെ സഹായിക്കുവാന്‍ സാധിക്കുമെന്ന് പറയുവാന്‍ സാധിക്കില്ല.
ലേബര്‍ കാറ്റഗറിയിലുള്ള ആളുകള്‍ക്ക് കമ്പനി താമസം നല്‍കുന്നുണ്ട്. കമ്പനികളുടെ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്ക് ഈ സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുവാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുക ഇതിന് രണ്ടിനും ഇടയില്‍ നില്‍ക്കുന്ന വിഭാഗവും, ചെറുകിട കച്ചവടക്കാരുമാണ്. പ്രവാസികളുടെ ആകെ എണ്ണത്തിന്റെ നാല്‍പ്പത് ശതമാനത്തോളം വരും ഈ വിഭാഗത്തില്‍ പെടുന്നവര്‍. ഇവര്‍ ഭൂരിഭാഗവും സ്വന്തം പോക്കറ്റില്‍ നിന്നുമാണ് വീട്ട് വാടകയും, ഭക്ഷണത്തിനും മറ്റ് ദൈനംദിന ചിലവുകള്‍ക്കുമുള്ള പണം ചിലവാക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന ഭൂരിപക്ഷം ആളുകള്‍ക്കും ജോലിയും വരുമാനവും ഇല്ലാത്ത അവസ്ഥയാണ്.
സാമ്പത്തിക ബുദ്ധിമുട്ടും, രോഗവ്യാപനവും മൂലമുണ്ടാകുന്ന ഉണ്ടാകുന്ന മാനിസിക പിരിമുറുക്കം അതുമൂലമുള്ള ആത്മഹത്യ, രോഗങ്ങള്‍, ഹൃദയാഘാതം ഇതെല്ലാം വരും ദിവസങ്ങളില്‍ പ്രവാസികള്‍ അഭിമുഖികരിക്കേണ്ടി വരും. വിസിറ്റിന് വന്നിരിക്കുന്ന പ്രവാസികള്‍, പലവിധ അസുഖങ്ങളുമായി പ്രവാസ ലോകത്ത് ജീവിക്കുന്നവര്‍, അവര്‍ക്ക് വേണ്ട മരുന്നുകള്‍, ചികിത്സ ഇതെല്ലാം മുടങ്ങുന്ന സ്ഥിതിയാണ്. ഭൂരിഭാഗം ആശുപത്രികളും അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ രോഗികളുടെ അഡ്മിഷന്‍ എടുക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ പലവിധ രോഗങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ സ്വയം ചികിത്സയുമായി കഴിയുന്നു.
പ്രവാസികളുടെ ഇത്തരം ആശങ്കകള്‍ പരിഹരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമേ സാധിക്കൂ. ഇനിയും താമസിപ്പിക്കാതെ എത്രയും വേഗം പ്രവാസികളെ നാട്ടിലെത്തിക്കുക. ശരാശരി മണിക്കൂറില്‍ ഒരു ഇന്ത്യക്കാരന്‍ ദിവസവും ഇന്ത്യക്ക് പുറത്ത് മരിക്കുന്നുണ്ട് എന്ന് വേണം കരുതുവാന്‍. തിരികെ കൊണ്ടുവരുന്ന ആളുകളില്‍ യു എ ഇ യില്‍ നിന്നും അമേരിക്കയില്‍ നിന്നും മടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രഥമ പരിഗണന നല്‍കാം, സ്ഥിതി ഓരോ ദിവസവും വാഷളാകുന്നത് ഇവിടെയാണ് എന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ അറിയുവാന്‍ സാധിക്കും.
തിരികെ എത്തുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക.നോര്‍ക്ക വഴി പ്രവാസികള്‍ക്ക് നല്‍കുന്ന ലോണിന്റെ സബ്‌സിഡി കൂട്ടുക.ലോണ്‍ ലഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. ഒരായുസ് മുഴുവന്‍ ഇതര രാജ്യങ്ങളില്‍ ജോലി ചെയ്ത് നാടിന്റെ സാമ്പത്തിക അടിത്തറ പാകിയ സമൂഹമാണ് പ്രവാസികള്‍. ദുരിതകാലഘട്ടങ്ങളില്‍ അവര്‍ക്ക് കൈത്താങ്ങാവുകയെന്നത് ജനാതിപത്യ ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്.