തിരുവനന്തപുരം: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങള്‍ മെയ് 7 വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും. ആദ്യദിനം നാല് വിമാനങ്ങളാണ് കേരളത്തിലെത്തുക. ഇതില്‍ 800 പ്രവാസികളുണ്ടാവും. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തിലേക്കും ദുബൈയില്‍ നിന്നുള്ള വിമാനം കോഴിക്കോടും പറന്നിറങ്ങും.
ഒരാഴ്ച്ചക്കുള്ളില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി 84 വിമാനങ്ങളാണ് ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഗള്‍ഫ് മേഖലയിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി നേവിയുടെ യുദ്ധക്കപ്പലുകളും സജ്ജമാണ്. ഒരാഴ്ച്ചക്കുള്ളില്‍ 14850 പ്രവാസികളെയാണ് നാട്ടിലെത്തിക്കുന്നത്. നിലവില്‍ നാട്ടിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക അതത് രാജ്യങ്ങളിലുള്ള എംബസികളുടെ സഹകരണത്തോടെ ശേഖരിച്ച് വരികയാണ്.
അമേരിക്ക, ബ്രിട്ടന്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നടക്കം 12 വിദേശരാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. പ്രവാസികളെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളും പൂര്‍തത്തിയാക്കി വരികയാണ്.