മനാമ: ദിവസേന 800 പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് ആശ്വാസമേകി ഐ.സി.എഫ് ബഹ്റൈൻ. മഹാമാരിയുടെ ഭീതിയിലൂടെ കടന്നുപോകുന്ന പ്രയാസമേറിയ ദിനങ്ങളിൽ കരുതലിന്റെ കരുത്തായും സമൂഹ്യ സേവനത്തിന്റെ ഉദാത്തമാതൃകയായും നിലകൊള്ളുകയാണ് ബഹ്‌റൈന്‍ ഐ.സി.എഫ്. ലോക് ഡൗണ്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ബില്‍ഡിംഗുകളിൽ കുടുങ്ങി പോയ സഹോദരങ്ങള്‍ക്കും ശമ്പളം കിട്ടാതെയും ജോലി നഷ്ടപ്പെട്ടും സാമ്പത്തികമായി പ്രയാസപ്പെടുന്നവര്‍ക്കും നോമ്പ് തുറക്കുള്ള ഭക്ഷണപ്പൊതികള്‍ എത്തിച്ചു നല്‍കി മാതൃക ആവുകയാണ് ഐ സി എഫ്.
ബഹ്‌റൈൻ ക്യാപിറ്റൽ ഗവർണറേറ്റിന്റെയും മുൻ എം.പി. മുഹമ്മദ് അബ്ദുൽവാഹിദ് ഖറാത്തയുടെയും സഹകരണത്തോടെ 800 ഭക്ഷണപ്പൊതികളാണ് ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിലായി ദിവസവും വിതരണം നടത്തുന്നത്. ഐ.സി.എഫിന്റെ സാന്ത്വനം വളണ്ടിയര്‍മാരാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൊറോണ വൈറസ് രാജ്യത്ത് പിടി മുറുക്കിയത് മുതല്‍ ഐ.സി.എഫിന്റെ സാന്ത്വനം വളണ്ടിയര്‍മാര്‍ കർമ്മരംഗത്തുണ്ട്. ഭീതിയോടെ കഴിയുന്നവരെയും നിരീക്ഷണത്തിലുള്ളവരെയും ബന്ധപ്പെടുകയും ആശ്വസിപ്പിക്കുകയും ആവശ്യമായ സേവനങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഐ.സി.എഫ് നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിക്കുകയും എട്ട് സെന്‍ട്രല്‍ കമ്മറ്റികളെയും ഏകോപിപ്പിച്ച് ദൃതഗതിയില്‍ സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.