ബഹ്റൈൻ – കൊച്ചി ആദ്യ വിമാനം ഇന്ന്(വെള്ളി); കാത്തിരിപ്പിന് വിരാമമിട്ട് 177 പേർ ജന്മനാട്ടിലേക്ക്

IMG-20200508-WA0043

മനാമ: കോവിഡ് പ്രതിസന്ധിയിൽ പെട്ട് ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 177 പ്രവാസികൾ ഇന്ന് ജന്മനാട്ടിലേക്ക് യാത്ര തിരിക്കും. വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി ഇന്ന് മെയ് 8 ന് വെള്ളിയാഴ്ച​ വൈകീട്ട്​ കൊച്ചിയിലേക്ക്​ പുറപ്പെടുന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ യാത്ര ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ടിക്കറ്റുകൾ മുഴുവൻ നൽകി കഴിഞ്ഞതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചിരുന്നു. ടിക്കറ്റ് ലഭിച്ചവർ എല്ലാവരും തന്നെ ഉച്ചക്ക് 12 മണിയോടെ വിമാനത്താവളത്തിലെത്തണമെന്നും അറിയിപ്പുണ്ട്. 177 മുതിർന്നവരും അഞ്ച്​ ശിശുക്കളുമാണ് ആ വിമാനത്തിലെ യാത്രക്കാർ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുൻകരുതലുകളോടെ സാമൂഹിക അകലം പാലിച്ചായിരിക്കും എമിഗ്രേഷൻ നടപടികൾ പൂർത്തികരിക്കുക.

ബഹ്റൈൻ പ്രാദേശിക സമയം ​വൈകിട്ട് 4.30നാണ്​ വിമാനം ബഹ്​റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന്​ പറന്നുയരുക. ഇന്ത്യൻ സമയം രാത്രി 11.20 ഓടെ കൊച്ചിയിൽ എത്തും. രോഗികൾ, ജോലി നഷ്​ടമായവർ, ഗർഭിണികൾ മുതലായ നാട്ടിലേക്കുള്ള യാത്ര അത്യാവശ്യമായവർക്കാണ്​ ആദ്യ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചത്​. വിമാനത്തിൽ സാമൂഹിക അകലം പാലിക്കാൻ സീറ്റുകൾ ഒഴിച്ചിടില്ല. പകരം, പിന്നിലെ ഒമ്പത്​ സീറ്റുകൾ മാറ്റി വെക്കും. യാത്രക്കിടെ ആർക്കെങ്കിലും അസ്വസ്​ഥത ഉണ്ടായാൽ അവരെ ഈ സീറ്റിലേക്ക്​ മാറ്റി ക്വാറൻറീൻ ചെയ്യും.

വിമാനത്തിൽ കയറുന്നതിന്​ മുമ്പ്​ യാത്രക്കാർക്ക്​ കോവിഡ്​ പരിശോധന ഉണ്ടായിരിക്കില്ല. പകരം തെർമൽ സ്​ക്രീനിങ്​ നടത്തിയാകും യാത്രക്കാരെ കയറ്റുക. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പേരെ പരിശോധിച്ച് റിസൽട്ട് നേടിയതിന് ശേഷം മാത്രം യാത്ര എന്നത് പ്രായോഗികമായി ബുദ്ധിമുട്ടായതിനാലാണ്​ ഒഴിവാക്കേണ്ടി വന്നതെന്ന് അധികൃതർ സൂചിപ്പിച്ചിരുന്നു. എന്നാൽ കോവിഡ് രോഗലക്ഷണങ്ങൾ പ്രത്യക്ഷാ തന്നെ പ്രകടമാക്കുന്നവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല​.

മെയ് 11ന് തിങ്കളാഴ്​ച കോഴിക്കോടേക്ക് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചവർക്ക്​ ശനിയാഴ്​ച രാവിലെ 10 മുതൽ ടിക്കറ്റ്​ വിതരണം ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരെ എംബസിയിൽനിന്ന്​ വിവരം അറിയിച്ച്​ തുടങ്ങിയിട്ടുണ്ട്. നാട്ടിലേക്ക്​ തിരിച്ചുപോകുന്നതിന്​ 13,000ലധികം പേരാണ്​ ഇതുവരെ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തത്​. ആദ്യവാരത്തിൽ രണ്ട് വിമാനങ്ങളാണ് ബഹ്റൈനിൽ നിന്നുമുള്ളത്. അടുത്ത പട്ടിക പുറത്തു വരുമ്പോൾ കൂടുതൽ വിമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് പോകാനായി അവസരം കാത്തിരിക്കുന്ന മറ്റു പ്രവാസികൾ.


ബഹ്റൈൻ വാർത്ത നൈറ്റ് അപ്ഡേറ്റ്സ് – മെയ് 7, വീഡിയോ കാണാം:

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!