മനാമ: ബഹ്റൈനിൽ നിന്ന് ജന്മനാട്ടിലേക്ക് പുറപ്പെടുന്ന ആദ്യ സംഘം വിമാനത്താവളത്തിലെത്തി. ഉച്ചയ്ക്ക് ഏകദേശം പന്ത്രണ്ട് മണിയോടെ യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവർക്കും ബോഡിംഗ് പാസ് ലഭിച്ചു കഴിഞ്ഞു. എമിഗ്രേഷൻ, തെർമൽ സ്ക്രീനിംഗ് തുടങ്ങിയ നടപടിക്രമങ്ങൾക്ക് ശേഷമാകും വിമാനത്തിലേക്ക് പ്രവേശനം.
ബഹ്റൈൻ സമയം വൈകീട്ട് 4.30 ബഹ്റൈൻ ഇൻറർനാഷണൽ വിമാനത്താവളത്തിൽ നിന്ന് വിമാനം പ്രവാസികളെയും വഹിച്ചു കൊണ്ട് ജന്മനാട്ടിലേക്ക് പുറപ്പെടും. 177 മുതിർന്നവരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് ആദ്യസംഘത്തിലുള്ളത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുൻകരുതലുകളോടെ സാമൂഹിക അകലം പാലിച്ചാണ് എമിഗ്രേഷൻ നടപടികൾ പൂർത്തികരിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 11.20 ഓടെ വിമാനം കൊച്ചിയിൽ എത്തും. രോഗികൾ, ജോലി നഷ്ടമായവർ, ഗർഭിണികൾ മുതലായ നാട്ടിലേക്കുള്ള യാത്ര അത്യാവശ്യമായവർക്കാണ് ആദ്യ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചത്.
ബി.കെ.എസ്.എഫ്, കെ.എം.സി.സി വളണ്ടിയേഴ്സ് നാട്ടിലേക്ക് പുറപ്പെടുന്നവർക്ക് സഹായങ്ങൾ ലഭ്യമാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മാസ്ക്, ഗ്ലൗസ്, പേന തുടങ്ങിയവ വളണ്ടിയേഴ്സ് ഓരോ യാത്രക്കാരനും നൽകിയിട്ടുണ്ട്.