മനാമ: ബഹ്‌റൈനില്‍ നിന്ന് ജന്മനാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ ആദ്യസംഘത്തിലെ പ്രവാസി കുടുംബത്തിന് സഹായഹസ്തവുമായി ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം. കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന സംഘത്തിലെ നാല് പേരടങ്ങുന്ന കുടുംബത്തിലെ കുട്ടിയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നതായി ശ്രദ്ധയില്‍പ്പെടുന്നത് എയർപോർട്ടിലെ പരിശോധനയിലായിരുന്നു. തുടർന്ന് കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ടുമായി നിയമപരമായി യാത്ര സാധ്യമല്ലെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടല്‍ നടത്തിയെങ്കിലും നടപടിയായില്ല.
ഇതോടെ ബുദ്ധിമുട്ടിലായ പ്രവാസി കുടുംബം ബികെഎസ്എഫുമായി ബന്ധപ്പെടുകയായിരുന്നു. ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീര്‍ അമ്പലായി വിഷയം കെ. മുരളീധരന്‍ എം.പിയുടെ ഓഫീസിലും പിന്നീട് എം.എല്‍.എ അന്‍വര്‍ സാദത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. പ്രശ്‌നത്തില്‍ ഉടന്‍ ഇടപെട്ട അധികൃതര്‍ എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു.
അത്യാവശ്യ ഘട്ടത്തില്‍ സഹായിച്ച ബികെഎസ്എഫിന് എല്ലാവിധ കടപ്പാടും അറിയിക്കുന്നുവെന്ന് പ്രവാസി കുടുംബം പറഞ്ഞു. ഫസല്‍, നജീബ് കടലായി, ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീര്‍ അമ്പലായി, ഒ ഐ സി സി യൂത്ത് വിങ് പ്രസിഡൻ്റ് ഇബ്രാഹിം അദ്ഹം തുടങ്ങിയവര്‍ നടത്തിയ ശക്തമായ ഇടപെടലാണ് വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞത്. പ്രതിസന്ധിയിലാക്കിയ പ്രശ്നത്തിന് പരിഹാരമായതിനെ തുടർന്ന് എയർപോർട്ട്, എംബസി, എയർ ഇന്ത്യ അധികൃതരും ബികെഎസ്എഫ് ന് അഭിനന്ദനങ്ങളുമായി മുന്നോട്ടുവന്നു. ജന്മനാട്ടിലേക്ക് തിരികെ പോകാന്‍ നിർണായക ഘട്ടത്തിൽ പ്രവാസിയായ അനിലിനെയും കുടുംബത്തെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ ബി.കെ.എസ്.എഫ് ടീം അഭിമാനിക്കുന്നവെന്ന് ബഷീര്‍ അമ്പലായി ബഹ്റൈൻ വാർത്തയോട് പറഞ്ഞു.
പ്രാദേശിക സമയം വൈകീട്ട് 4.52 ഓടെയാണ് ബഹ്റൈൻ ഇൻറർനാഷണൽ വിമാനത്താവളത്തിൽ നിന്ന് വിമാനം പ്രവാസികളെയും വഹിച്ചു കൊണ്ട് ജന്മനാട്ടിലേക്ക് പുറപ്പെട്ടത്. 177 മുതിർന്നവരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് ആദ്യസംഘത്തിലുള്ളത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുൻകരുതലുകളോടെ സാമൂഹിക അകലം പാലിച്ചാണ് എമിഗ്രേഷൻ നടപടികൾ പൂർത്തികരിച്ചത്. തെർമൽ സ്ക്രീനിങ് നടത്തിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്. ഓരോരുത്തരുടെയും സീറ്റിൽ സ്നാക്സ് ബോക്സ്, സാനിറ്റൈസർ, മാസ്ക്ക്, പുരിപ്പിച്ച് നൽകേണ്ട സാക്ഷ്യ പത്രം എന്നിവ വെച്ചിരുന്നു.
ഇന്ത്യൻ സമയം രാത്രി 11.40 ഓടെ വിമാനം കൊച്ചിയിൽ എത്തും. രോഗികൾ, ജോലി നഷ്ടമായവർ, ഗർഭിണികൾ മുതലായ നാട്ടിലേക്കുള്ള യാത്ര അത്യാവശ്യമായവർക്കാണ് ആദ്യ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചത്.