മനാമ: ബഹ്‌റൈന്‍ പ്രതിഭ രണ്ടാംഘട്ട ഭക്ഷണക്കിറ്റ് വിതരണം ആരംഭിച്ചു. ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തില്‍ ബഹ്റൈനിലെ പ്രവാസി സാമൂഹിക സംഘടന പ്രതിനിധികളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ്ഡെസ്‌കിലേക്കാണ് രണ്ടാംഘട്ടത്തില്‍ 100 ഭക്ഷണക്കിറ്റുകള്‍ കൈമാറിയിരിക്കുന്നത്. പ്രയാസമനുഭവിക്കുന്ന പ്രവാസികളിലേക്ക് ഈ കിറ്റുകള്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് എത്തിക്കും.
ബഹറൈന്‍ കേരളീയ സമാജത്തില്‍ വച്ച് പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാറില്‍ നിന്നും നോര്‍ക്ക പ്രതിനിധികളും ലോകകേരള സഭാംഗങ്ങളുമായ പി.വി.രാധാകൃഷ്ണ പിള്ള, സുബൈര്‍ കണ്ണൂര്‍, സി.വി. നാരായണന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
പ്രതിഭ മുഖ്യരക്ഷാധികരി പി. ശ്രീജിത്, പ്രസിഡന്റ് കെ.എം.സതീഷ്, ട്രഷറര്‍ കെ.എം.മഹേഷ് എന്നിവരും സന്നിഹിതരായിരുന്നു.
രണ്ടുമാസത്തിലേറെയായി ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഭ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളും മരുന്നും മറ്റു അവശ്യസഹായങ്ങളും നല്‍കി വരികയാണ്.ആയിരത്തിലധികം കിറ്റുകളാണ് ഇതിനോടകം അത്യാവശ്യക്കാരിലേക്ക് എത്തിച്ചു കഴിഞ്ഞിരിക്കുന്നത്. ഇനിയും ആവശ്യക്കാരുടെ നിര നീളുന്നതിനാല്‍ നാല് മേഖലാ കമ്മിറ്റികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളായി മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍ പ്രതിഭ പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയും ബഹ്റൈന്‍ പ്രതിഭ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, പ്രസിഡണ്ട് കെ.എം .സതീഷ് എന്നിവര്‍ അറിയിച്ചു.