മനാമ: പ്രവാസികളെ തിരികെയെത്തിക്കുന്നതിൻ്റെ ഭാഗമായി മെയ് 11 തിങ്കളാഴ്ച കോഴിക്കോട്ടേക്ക് പോകാനിരിക്കുന്ന ബഹ്റൈനിൽ നിന്നുള്ള രണ്ടാമത്തെ വിമാനത്തിൽ അവസരം ലഭിച്ചത് 180 പേർക്ക്. ഒപ്പം നാല് കൈക്കുഞ്ഞുങ്ങളുമുണ്ടാകും. എല്ലാവരും തന്നെ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന എയർ ഇന്ത്യ ഓഫീസ് വഴി ടിക്കറ്റുകൾ വാങ്ങിയതായി അധികൃതർ അറിയിച്ചു. യാത്രക്കായി തിരഞ്ഞെടുക്കപ്പെട്ടവരെ വിളിച്ചറിയിച്ചത് പ്രകാരം എല്ലാവരും തന്നെ ഒറ്റ ദിനം കൊണ്ട് ടിക്കറ്റുകൾ കരസ്ഥമാക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക സമയം 4:30 ഓടെ ബഹ്റൈൻ അന്താരാഷ്ട്ര വിമാത്താവളത്തിൽ നിന്നും പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 11:20 ഓടെയാകും കോഴിക്കോട് എത്തിചേരുക. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് നിലവിലെ 180 അംഗ പട്ടികയിൽ ഇടം ലഭിച്ചവരിൽ അധികവും. അതേ സമയം തന്നെ പട്ടികയിൽ ഇടം നേടാനാവാതെ ഗർഭിണികളും രോഗികളും തൊഴിൽ രഹിതരുമായ നിരവധി പേർ അടുത്ത ഊഴത്തിനായി കാത്തിരിക്കുകയാണ്. എംബസിയിൽ രെജിസ്റ്റർ ചെയ്തിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ അവസരത്തിനായി ബന്ധപ്പെട്ടപ്പോഴേക്കും യാത്രക്കാരുടെ പട്ടിക തയ്യാറായി കഴിഞ്ഞിരുന്നതായി നിരവധി പേർ ബഹ്റൈൻ വാർത്തയോട് പറഞ്ഞു.
മേയ് 13 വരെയുള്ള ആദ്യ ഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് ബഹ്റൈനിൽ നിന്ന് ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആദ്യ വിമാനം 177 യാത്രക്കാരുമായി കൊച്ചിയിലേക്ക് പോയത്. അത്യാവശ്യക്കാരായ നിരവധി പേർ ഇനിയും നാട്ടിലേക്കുള്ള യാത്രക്കായ് അവസരം കാത്തിരിക്കുന്ന ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ബഹ്റൈനിൽ നിന്നും അനുവദിക്കേണ്ടതുണ്ടെന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. 13000 ത്തിൽ അധികം പേരാണ് ഇതുവരെ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ കൂടുതൽ വിമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
വീഡിയോ: