ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്-19 ബാധിച്ച് 127 പേര്‍ ഇതോടെ രാജ്യത്ത് മരണസംഖ്യ 2109 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 3277 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികകള്‍ ഉള്ളത്. 1550 പേര്‍ക്ക് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ 394 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഏഴായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴായി. 472 പേരാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സ്ഥിതിഗതികള്‍ സമാനരീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ രാജ്യം അതി സങ്കീര്‍ണമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.
അതേസമയം കേരളത്തിലെ സ്ഥിതിഗതികള്‍ ഏറെക്കുറേ ശാന്തമാണ്. ഇന്നലെ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തിയവരാണ്. കേരളത്തില്‍ 485 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 17 പേര്‍ മാത്രമാണ് നിലവില്‍ വൈറസ് ബാധയേറ്റ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. നിലവില്‍ ആകെ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.