മനാമ: ബഹ്‌റൈനില്‍ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ്-19 വ്യാപനം തടയുന്നതിന് നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ പാലിക്കുന്നതിനും സുരക്ഷാനിര്‍ദേശങ്ങള്‍ പിന്തുടരുന്നതിനും ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ കാണിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള അതീവ പ്രാധാന്യമുള്ള നിര്‍ദേങ്ങള്‍ ബന്ധുജനങ്ങള്‍ക്കിടയിലും കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ വ്യക്തികളിലേക്ക് രോഗം പടരാനുള്ള സാഹചര്യം കൈവരും. 16 പേരിലേക്ക് കോവിഡ് പകര്‍ന്നത് ഒരാളില്‍ നിന്നാണ്. ഈ സാഹചര്യം ഉണ്ടായിരിക്കുന്നത് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇഫ്താര്‍ സംഘമങ്ങള്‍ നടത്തരുതെന്ന് നേരത്തെ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ പ്രസ്തുത കുടുംബം ഇഫ്താര്‍ നടത്തി. പിന്നാലെയാണ് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
മാതാപിതാക്കള്‍, സഹോദരങ്ങള്‍, സഹോദരിമാര്‍, ചെറിയ കുട്ടികള്‍ എന്നിവര്‍ക്കടക്കം രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് പോകുന്നുണ്ട്. ജനങ്ങളുടെ പൂര്‍ണ പിന്തുണ കോവിഡിനെതിരായ പോരാട്ടത്തിന് ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.