കൊച്ചി: ഗള്‍ഫ് മേഖലിയില്‍ കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയിലായി കേരളം. നിലവില്‍ സംസ്ഥാനത്തേക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ശ്രോതസിലുണ്ടാകുന്ന ഇടിവ് വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 1.25 ലക്ഷം കുടുംബങ്ങളെ നിലവിലെ പ്രതിസന്ധി നേരിട്ട് ബാധിക്കും. പ്രവാസി വരുമാനത്തില്‍ ഈ വര്‍ഷം 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി വരുമാനത്തിന്റെ 19 ശതമാനവും കേരളത്തിലേക്കാണ് എത്തിച്ചേരുന്നത്. സൗദി അറേബ്യ 39 ശതമാനം, യുഎഇ 23 ശതമാനം, ഒമാനില്‍ 9 ശതമാനം, കുവൈറ്റില്‍ നിന്ന് 6 ശതമാനം, ബഹ്‌റൈനില്‍ നിന്ന് നാല് ശതമാനം, ഖത്തറില്‍ നിന്ന് 9 ശതമാനവുമാണ് ഗള്‍ഫില്‍ നിന്നുള്ള പ്രവാസി വരുമാനം. യൂറോപ്പ് അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും പ്രവാസികള്‍ സംസ്ഥാനത്തേക്ക് പണം അയക്കുന്നുണ്ട്.
21 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിലുള്ള മലയാളികളുടെ എണ്ണം. ഇതില്‍ 89 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് താമസിക്കുന്നത്. നിലവില്‍ എംബസി മുഖാന്തരം 4,42,000 പേര്‍ ജന്മനാട്ടിലേക്ക് തിരികെയെത്താന്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജനുവരി-ഫെബ്രുവരി മാസത്തില്‍ മാത്രം 2400കോടി രൂപയുടെ കുറവാണ് പ്രവാസി വരുമാനത്തിലുണ്ടായിരിക്കുന്നത്. പ്രതിസന്ധി രൂക്ഷമാകുന്നതോടെ ഇത് വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.