മനാമ: കോവിഡ്-19 സാഹചര്യത്തില്‍ പ്രവാസികളുമായി ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന പ്രത്യേക വിമാനത്തിന്റെ സമയത്തില്‍ മാറ്റം. ബഹ്‌റൈന്‍ പ്രാദേശിക സമയം വൈകിട്ട് 4.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഏതാണ്ട് ഒരു മണിക്കൂലധികം വൈകി 5.35 PM നായിരിക്കും പറന്നുയരുക.180 പ്രവാസികളാണ് വിമാനത്തില്‍ ജന്മനാട്ടിലേക്ക് തിരികെയെത്തുക.
അപ്രതീക്ഷിതമായുണ്ടായ സഹാചര്യങ്ങള്‍ കാരണം തിരുവനന്തപുരത്തുനിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനം വൈകിയതോടെയാണ് സമയത്തില്‍ മാറ്റം വന്നിരിക്കുന്നത്. ഇന്ത്യന്‍ സമയം ഒരു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വിമാനം ഏതാണ്ട് 1.30 മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. ബഹ്റൈന്‍ മിനിസ്ട്രി ഫോറിന്‍ ഓഫ് അഫഴേസ് യാത്രാനുമതി സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കാന്‍ വൈകിയതാണ് അനിശ്ചിതത്വത്തിന് കാരണമായത്.
ബഹ്റൈന്‍ റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ഉള്ളവര്‍ക്കും സ്വദേശികള്‍ക്കുമാണ് നേരത്തെ അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം രൂപപ്പെട്ട ആശയക്കുഴപ്പം യാത്ര വൈകിപ്പിച്ചു. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ബഹ്‌റൈന്‍ ഫോറിന്‍ അഫഴേസ് അനുമതി നല്‍കിയത്. നേരത്തെ 98 യാത്രക്കാരാണ് വിമാനത്തില്‍ പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പുതിയ വിസക്കാരായ 8 പേര്‍ക്ക് യാത്രാനുമതി ലഭിച്ചില്ല.
ബഹ്റൈനില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടാല്‍ സ്വന്തം ചിലവില്‍ നാട്ടിലേക്ക് തിരികെ വരാന്‍ തയ്യാറാണെന്ന് യാത്രക്കാര്‍ എയര്‍ ഇന്ത്യക്ക് സത്യാവാങ് മൂലം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടിയന്തരാവശ്യത്തിന് ബഹ്റൈനിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്കാണ് വിമാനത്തില്‍ ടിക്കറ്റ് നല്‍കിയിരുന്നത്. ഇതിനായി വന്‍തുകയും എയര്‍ ഇന്ത്യ ഈടാക്കിയിരുന്നു. ഒരു യാത്രക്കാരനില്‍ നിന്ന് 45,000ത്തിലധികം രൂപയാണ് അവസാന നിമിഷങ്ങളില്‍ ടിക്കറ്റിനായി ഈടാക്കിയത്. ടിക്കറ്റ് നിരക്ക് കുറച്ചിരുന്നെങ്കില്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കാന്‍ സാധിക്കുമായിരുന്നതായി അമിത നിരക്കിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവര്‍ അഭിപ്രായപ്പെട്ടിരുന്നു.