മലപ്പുറം: കഴിഞ്ഞ ദിവസം കേരളത്തിലേക്ക് തിരികെയെത്തിയ 7 പ്രവാസികള്‍ക്ക് കോവിഡ്-19 ലക്ഷണങ്ങള്‍. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാള്‍ക്കും കുവൈറ്റില്‍ നിന്ന് എത്തിയ വിമാനത്തിലെ 6 പേര്‍ക്കുമാണ് കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. 7 പേരെയും വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 155 പ്രവാസികളാണ് എ.ഐ – 960 എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ ജിദ്ദയില്‍ നിന്നും കരിപ്പൂരിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ്-19 ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുവൈറ്റില്‍ നിന്നെത്തിയ വിമാനത്തിലെ 6 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരെ റണ്‍വേയില്‍ നിന്ന് നേരിട്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്. വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിലയിരുത്തിയാണ് നടപടി. എല്ലാവരെയും ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന.