മനാമ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്ക് വീണ്ടും പ്രത്യേക സര്‍വീസ് നടത്തും. മെയ് 22ന് തിരുവനന്തപുരത്തേക്ക് ബഹ്‌റൈനില്‍ നിന്നും സർവീസ് നടത്താനെത്തുന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. ബഹ്‌റൈന്‍ പൗരന്മാര്‍ക്കും റസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കുമായിരിക്കും ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ടാവുക. ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍, ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ സ്ഥിരീകരണം ഉടനുണ്ടാകും.
തിരുവനന്തപുരത്ത് നിന്ന് കൂടാതെ മുബൈയില്‍ നിന്നും സമാന സര്‍വീസ് ഉണ്ടാകും. മെയ് 19നാണ് മുംബൈയില്‍ നിന്ന് വിമാനം പുറപ്പെടുക. കഴിഞ്ഞ മെയ് പതിനൊന്നിന് തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ യാത്രക്കാരെ എത്തിച്ചിരുന്നു. ബഹ്‌റൈനി പൗരന്മാര്‍ക്കും റസിഡന്റ് വിസ കൈവശമുള്ളവര്‍ക്കുമാണ് ഈ വിമാനത്തില്‍ അവസരം ലഭിച്ചത്. പുതിയ വിസക്കാരായ 8 പേര്‍ക്ക് അവസാന നിമിഷത്തില്‍ യാത്രാനുമതി ബഹ്‌റൈന്‍ നിഷേധിച്ചിരുന്നു. ഏതാണ്ട് അരലക്ഷത്തിനടുത്ത് രൂപയാണ് ഈ യാത്രക്കാര്‍ ടിക്കറ്റിനായി നല്‍കേണ്ടി വന്നത്.