മനാമ: ഏതൊരു പ്രവാസിയെപ്പോലെയും ഒട്ടേറെ സ്വപ്നങ്ങളുമായിട്ടാണ് തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശിയായ രഘു ബഹ്‌റൈനിലെത്തുന്നത്. നീണ്ട 20 വര്‍ഷത്തെ പ്രവാസ ജീവിതം. മെച്ചപ്പെട്ട ജീവിതത്തിലേക്ക് കാര്യങ്ങളെത്തിച്ച് തിരികെ ഉറ്റവരുടെ അടുക്കലെത്താമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന രഘുവിനെ വിധി തളര്‍ത്തുന്നത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ്. ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റു. ദേഹമാസകലം പ്ലാസ്റ്ററിട്ട് മൂന്നു മാസമായി ഒരേ കിടപ്പില്‍ കിടക്കുന്ന രഘുവിന് പരസഹായമില്ലാതെ ഒരു കാര്യവും ചെയ്യാനാവില്ല.
കോവിഡ് വ്യാപനം ഗള്‍ഫ് മേഖലയെ വലിയ രൂപത്തില്‍ ബാധിക്കുക കൂടി ചെയ്തതോടെ നാട്ടിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് എത്തിച്ചേരാന്‍ രഘുവിന് കഴിഞ്ഞില്ല. വീഴ്ചയുടെ ആഘാതത്തില്‍ കാര്യമായി പരിക്കേറ്റ രഘു ഇപ്പോള്‍ ഒരേ കിടപ്പിലാണ്. മലമൂത്ര വിസര്‍ജനത്തിനും മറ്റു കാര്യങ്ങള്‍ക്കും പരസഹായം വേണം. ഉറ്റസുഹൃത്തായ മാത്യു എല്ലാ കാര്യങ്ങളും നോക്കി ഒപ്പമുള്ളതാണ് ഏക ആശ്വാസം.
കോവിഡ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബികെഎസ്എഫ് പ്രവര്‍ത്തകര്‍ രഘുവിന്റെ അടുത്തെത്തിയതോടെയാണ് വിഷയം കൂടുതല്‍ പേര്‍ അറിയുന്നത്. രഘുവിന്റെ അവസ്ഥ ശോചനീയമാണെന്നും നാട്ടിലേക്ക് അയക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്നും ബികെഎസ്എഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബി.കെ.എസ്.എഫ് രക്ഷാധികാരികളായ ബഷീര്‍ അമ്പലായി, സുബൈര്‍ കണ്ണൂര്‍, കണ്‍വീനര്‍ ഹാരിസ് പഴയങ്ങാടി, അമല്‍ദേവ് എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ അടുത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ എംബസിയില്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. മലയാളി ബിസിനസ് ഫോറം യൂത്ത് വിങ് ഭാരവാഹികള്‍ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് കിട്ടാനുള്ള ബാക്കി തുകകൂടി ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. സാധിക്കുമെങ്കില്‍ മേയ് 22ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രഘുവിനെ യാത്രയാക്കാനാണ് ബി.കെ.എസ്.എഫ് പ്രവര്‍ത്തകര്‍ തയാറെടുക്കുന്നത്.