അബുദാബി: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19(കൊറോണ വൈറസ്) ബാധിച്ച് മൂന്ന് പ്രവാസി മലയാളികള്‍ കൂടി മരിച്ചു. തലശേരി പാനൂര്‍ കൂരാറ സ്വദേശി അഷറഫ്, കോഴിക്കോട് നാദാപുരം കുനിയില്‍ സ്വദേശി മജീദ്, എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഇതുവരെ ഗള്‍ഫ് നാടുകളില്‍ 77 മലയാളികളാണ് കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. കോവിഡ്-19 ബാധയേറ്റ് വിദേശ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.
വിവിധ രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ട് കുടുങ്ങി കിടക്കുന്ന മലയാളികളെ ഉടന്‍ ജന്മനാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാണ്. കോവിഡ് ബാധിച്ച് ഒമാനില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് വിപിന്‍ സേവ്യര്‍. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ റസ്താക്ക് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില പിന്നീട് മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇതുവരെ 12 വിദേശികളാണ് ഒമാനില്‍ രോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 620 പേരാണ് കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. 118,618 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപത്തിനാലുമണിക്കൂറിനിടെ 5,922 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയിലും യു.എ.ഇയിലുമാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹ്‌റൈനാണ് മരണനിരക്കില്‍ ഏറ്റവും കുറവ്. മെയ് 15 വരെയുള്ള കണക്ക് അനുസരിച്ച് 9 പേര്‍ മാത്രമാണ് ബഹ്‌റൈനില്‍ മരണപ്പെട്ടിരിക്കുന്നത്.