മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വീസിന്റെ രണ്ടാം ഘട്ടം ഇന്ന് (മെയ് 16, ശനിയാഴ്ച) ആരംഭിക്കും. മെയ് 23 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ ഇന്ത്യന്‍ പ്രവാസികളെയും വഹിച്ചുകൊണ്ട് 36 വിമാനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പറന്നുയരുക. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ തൊഴിലെടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രണ്ടാം ഘട്ടത്തില്‍ 34 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ദിനമായ ഇന്ന് മൂന്ന് വിമാനങ്ങളാണ് സര്‍വീസ് നടത്തു. ഇവ മൂന്നും യുഎഇയില്‍ നിന്ന് തന്നെയാണ്.
യു.എ.ഇ പ്രദേശിക സമയം ഉച്ചക്ക് ഒന്നിന് ദുബൈ-കൊച്ചി, വൈകുന്നേരം അഞ്ചിന് അബൂദബി-തിരുവനന്തപുരം, ആറിന് അബൂദബി -കൊച്ചി വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ ക്വാലാല്‍പൂരില്‍ (മലേഷ്യ) നിന്ന് രണ്ട് സര്‍വീസുകളും രണ്ടാംഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം രണ്ടാം ഘട്ടത്തില് ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് ഒരു വിമാനം മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തൊഴില്‍ നഷ്ടപ്പെട്ടവരും രോഗികളും ഗര്‍ഭിണികളും ഉള്‍പ്പെടെ നിരവധി പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് പുറപ്പെടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍ഗണനാ ക്രമത്തില്‍ നോക്കുകയാണെങ്കില്‍ നിരവധി പേര്‍ ഇനിയും നാട്ടിലെത്താന്‍ കാത്തിരിക്കേണ്ടി വരും. കൂടുതല്‍ വിമാനങ്ങള്‍ ബഹ്‌റൈനില്‍ നിന്ന് സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.