തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലേക്ക് തിരികെയെത്തിയ 5 പ്രവാസികള്‍ക്ക് കോവിഡ്-19 ലക്ഷണങ്ങള്‍. ഇവരെ വിമാനത്താവളത്തില്‍ നിന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റി. കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എത്തിയ പ്രവാസികളിലാണ് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്. രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി സംശയമുള്ള 10 പേരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ നാല് പേരെയാണ് ഐസലേഷന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലാണ് ഇവര്‍ക്ക് ചികിത്സയൊരുക്കിയിരിക്കുന്നത്. റീപാട്രീഷന്‍ വിമാനത്തില്‍ സംസ്ഥാനത്തേക്ക് തിരികെയെത്തുന്ന പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ മാത്രമാണ് ആശുപത്രികളിലേക്ക് മാറ്റുന്നത്. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് കോവിഡ്-19 പരിശോധന പ്രായോഗികമല്ലാത്തതിനാല്‍ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുന്നത്.
ഇന്നലെ കൊച്ചി വിമാനത്താവളത്തിലെത്തിയ 181 പേരില്‍ 34 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 146 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലുള്ള 17 പേരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.