മനാമ: ഐ വൈ സി സി ബഹ്റൈന്‍ ഹെല്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകളുടെ വിതരണം നടത്തി. ബഹ്‌റിന്റെ വിവിധ മേഖലകളില്‍ കോവിഡ്19 മായി ബന്ധപ്പെട്ട് ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് പാക്ക് ചെയ്ത കിറ്റുകള്‍ 9 ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ അവശ്യക്കാരിലെത്തിച്ചു.
ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് പുറമെയാണ് പച്ചക്കറി കിറ്റുകളും വിതരണം നടത്തുന്നത്. ബഹ്‌റൈനില്‍ മറ്റ് സംഘടനകളൊന്നും പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏകദേശം 400 കിലോ പച്ചക്കറി ഉപയോഗിച്ചാണ് കിറ്റുകള്‍ തയ്യാറാക്കിയത്. നൂറോളം കുടുംബങ്ങള്‍ക്ക് വെള്ളിയാഴ്ച്ച മാത്രം കിറ്റുകള്‍ എത്തിച്ച് നല്‍കി.