മനാമ: കൊറോണയുടെ പശ്ചാത്തലത്തിൽ സമൂഹം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഐ സി എഫ് മൂന്നാം ഘട്ട സാന്ത്വന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഐ സി എഫ് നാഷണൽ കമ്മറ്റിയുടെ കീഴിൽ 300 ഭക്ഷണ കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഐ സി എഫിന്റെ സേവന ക്ഷേമ സമിതിക്കു കീഴിലാണ് സാന്ത്വന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. 100 സാന്ത്വനം വളണ്ടിയർമാരാണ് ബഹ്‌റൈനിലുടനീളമുള്ള സാന്ത്വന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ബഹ്‌റൈനിലെ പ്രമുഖ അറബ് സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് കിറ്റുകൾ തയ്യാറാക്കിയത്. ഐസിഎഫ് നാഷണൽ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന 8 സെൻട്രൽ കമ്മറ്റികളെയും കോർത്തിണക്കി രൂപം നൽകിയ ഹെല്പ് ഡസ്ക് മുഖേന കണ്ടെത്തുന്ന അർഹരിലേക്കാണ് കിറ്റുകൾ കൈമാറുക. ഇതിനോടകം 500ൽ പരം കിറ്റുകൾ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മരുന്നുകൾ ആവശ്യമുള്ളവർക്ക് പ്രമുഖ ഡോക്ടർമാരുമായി സഹകരിച് ഇവിടെ ലഭ്യമായ മരുന്നുകൾ എഴുതി വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിലൂടെ വലിയ ആശ്വാസമാകാൻ ഐ സി എഫ് വളണ്ടിയർമാക്ക് സാധിക്കുന്നു.