ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5611 പുതിയ കോവിഡ് രോഗികള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് 5000ത്തിലേറെ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത് ഇന്ത്യയിലാണ്.
ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് 3303 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. 24 മണിക്കൂറിനിടെ 140 പേരാണ് മരിച്ചത്. രോഗമുക്തി നിരക്ക് 39.2 ശതമാനമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹാരാഷ്ട്ര തമിഴ്‌നാട് ഗുജറാത്ത് എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ 37,136 പേരും തമിഴ്‌നാട്ടില്‍ 12,448 പേരും ഗുജറാത്തില്‍ 11,745 പേരും ഡല്‍ഹിയില്‍ 10554 പേരും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പരാജയപ്പെട്ടുവെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.