തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഒന്നു വീതം കേസുകളാണ് ഇന്ന് പോസിറ്റീവ് ആയിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം ഇന്ന് സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. തൃശ്ശൂര്‍ 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒന്നു വീതം പേരുമാണ് രോഗമുക്തരായിരിക്കുന്നത്. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റുള്ളവരെല്ലാം കേരളത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 12 പേര്‍ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് എത്തിയത്. സമ്പര്‍ക്കം മൂലം കണ്ണൂരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതുവരെ സംസ്ഥാനത്ത് 666 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുതിയ ഹോട്‌സ്‌പോട്ടുകള്‍ ഒന്നും തന്നെയില്ല.