റിയാദ്: സൗദി അറേബ്യയില്‍ മലയാളി നഴ്‌സ് കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു. സൗദിയിലെ ഓള്‍ഡ് സനായില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കൊല്ലം ചീരങ്കാവ് എഴുകോണ്‍ സ്വദേശി ലാലി തോമസ് പണിക്കര്‍ ആണ് മരണപ്പെട്ടത്. 54 വയസായിരുന്നു. രണ്ട് ദിവസം മുന്‍പ് കോവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഫലം പോസിറ്റീവാണെന്ന് വ്യക്തമായി.
ഫലം പുറത്തുവന്ന ബുധനാഴ്ച്ച വൈകീട്ടോടെ ലാലിക്ക് ശ്വാസ തടസം നേരിട്ടു. ആരോഗ്യ വകുപ്പിന്റെ അടിയന്തര നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആംബുലന്‍സ് ഇവരുടെ താമസ സ്ഥലത്തേക്ക് എത്തിച്ചേരുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കും. ഭര്‍ത്താവ് തോമസ് മാത്യു റിയാദില്‍ ഒപ്പമുണ്ട്. ഏക മകള്‍ മറിയാമ്മ തോമസ് നാട്ടിലാണ്.