തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്(മെയ് 21) 24 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നിട്ടില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ചികിത്സയില്‍ കഴിയുകയായിരുന്ന 8 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 510 ആയി ഉയര്‍ന്നു. വയനാട് ജില്ലയില്‍ നിന്നും 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 177 പേരാണ് വിവിധ ജില്ലകളിലായി കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 79,611 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 527 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് റാന്‍ഡം സാമ്പിളുകള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1798 സാമ്പിളുകളാണ് പരിശോധിച്ചത്.