മനാമ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൻ്റെ ഭാഗമായി മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് ദിവസവും സർവിസ് ഉണ്ടാകുമെന്ന് സൂചനകൾ. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവിസ്. നിലവിൽ അവസരം നിഷേധിക്കപ്പെട്ട അർഹരായ കൂടുതൽ ആളുകൾക്ക് നാട്ടിലെത്താൻ ആശ്വാസമാകുന്നതാകും ഈ നീക്കം. മേയ് 26 മുതൽ ജൂൺ ഒന്നുവരെയാണ് മൂന്നാം ഘട്ടം സർവിസ്. ആദ്യ രണ്ടു ഘട്ടങ്ങളിൽ ബഹ്റൈനിൽനിന്ന് കേരളത്തിലേക്കുള്ള മൂന്നെണ്ണമടക്കം ആകെ നാലു സർവിസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സർവിസ് നടത്തിയത്. തിരുവനന്തപുരത്തേക്കുള്ള വിമാനം ഇന്ന് പുറപ്പെടും. അഞ്ചു കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 182 പേരാണ് ഇന്ന് യാത്ര തിരിക്കുന്നത്. ഒപ്പം തന്നെ ബഹ്റൈനിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട സഞ്ജീവ് ശ്രീനിയുടെ മൃതദേഹവും ബന്ധുക്കളോടൊപ്പം ഇന്ന് തിരുവനന്തപുരം വിമാനത്തിൽ കൊണ്ടു പോകുന്നുണ്ട്. വന്ദേ ഭാരത് മിഷൻ വഴി ബഹ്റൈനിൽ നിന്നും കൊണ്ടു പോകുന്ന ആദ്യ മൃതദേഹമാണിതെന്ന് സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലത്ത് ബഹ്റൈൻ വാർത്തയോട് പറഞ്ഞു.
ആദ്യഘട്ടത്തിൽ ഒമ്പത് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 366 പേരാണ് നാട്ടിലേക്ക് പോയത്. രണ്ടാം ഘട്ടത്തിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ 175 പേർ ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് പോയി. നാട്ടിലേക്ക് പോകാൻ ഇന്ത്യൻ എംബസിയിൽ 20000 ഓളം പേർ രജിസ്റ്റർ ചെയ്തിരിക്കേ ആവശ്യമായ വിമാന സർവിസ് ഏർപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗർഭിണികളും രോഗികളും തൊഴിൽ നഷ്ടം വന്ന് ദുരിതത്തിലായവരും ഉൾപ്പടെ നിരവധി പേരാണ് ഇനിയും അവസരങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.