മനാമ: ബഹ്‌റൈനില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം മറികടന്ന് ഇഫ്താര്‍ വിരുന്ന് നടത്തിയ ഒരു കുടുംബത്തിലെ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മെയ് 9ന് ഇതേ കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പങ്കെടുത്ത ചടങ്ങിലെത്തിയവര്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കിയത്.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, 5 പേരില്‍ അധികം പേര്‍ ഒന്നിച്ചു കൂടാതിരിക്കുക തുടങ്ങിയ നിര്‍ദശങ്ങള്‍ കുടുംബം പാലിച്ചില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. നിലിവില്‍ എത്ര പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാനാവാത്ത അവസ്ഥയാണ്. മറ്റുള്ളവരുടെ പരിശോധനാ റിപ്പോര്‍ട്ട് വരുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവും. പ്രസ്തുത ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും നിലവില്‍ നിരീക്ഷണത്തിലാണ്.
പൊതു സുരക്ഷ കണക്കിലെടുത്ത് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥമാണെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന വ്യക്തി നിര്‍ദേശം മറികടന്ന് ചടങ്ങില്‍ പങ്കെടുത്തതാണ് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് വലിയ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.