മനാമ: ബഹ്റൈന്‍ പ്രവാസികളായ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയായ സിനി മങ്ക്‌സിന്റെ സഹകരണത്തോടെ ബംഗുളുരുവില്‍ നിര്‍മ്മിച്ച അഞ്ചു മിനുട്ട് ഹ്രസ്വ ചിത്രം ‘അണ്‍ടോള്‍ഡ് – എ ലോക് ഡൗണ്‍ ചാറ്റ്’ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. മുന്‍ ബഹ്‌റൈന്‍ പ്രവാസിയായിരുന്ന അരുണ്‍ പോള്‍ എഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ പ്രശസ്ത നാടക കലാസംവിധായകനായ ‘രംഗപടം’ സുജാതന്റെ മകന്‍ ജിജോ സുജാതന്‍, ഇവാനാ മരിയ, ചന്ദ്രിക അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബഹ്‌റൈനിലെ നാടക-ഷോര്‍ട്ട് ഫിലിം മേഖലകളില്‍ സുപരിചിതരായ സൗമ്യ കൃഷ്ണപ്രസാദ്, അച്ചു അരുണ്‍ രാജ് എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത്. ലോക്ക് ഡൗണ്‍ കാലത്ത് ഒരമ്മയും മകനും നടത്തുന്ന ഫോണ്‍ സംഭാഷണമാണ് സിനിമയുടെ ഇതിവൃത്തം. ഏറെ ചിന്തനീയമായ ഒരു ആശയത്തെയാണ് അഞ്ചു മിനുറ്റ് കൊണ്ട് സംവിധായകന്‍ വരച്ചു കാണിക്കുന്നത്.
ബഹ്‌റൈനില്‍ വെച്ച് ചിത്രീകരിച്ച, ഏറെ പ്രശംസ പിടിച്ചു പറ്റിയ ‘കൊതിയന്‍’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍ കൂടിയാണ് അരുണ്‍ പോള്‍. ഇപ്പോള്‍ ബംഗളൂരുവിലെ പ്രശസ്തമായ അനിമേഷന്‍ കമ്പനിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന അരുണ്‍, ലോക്ഡൗണ്‍ കാലത്തെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ചിത്രീകരിച്ചതാണ് ‘അണ്‍ടോള്‍ഡ് – എ ലോക് ഡൗണ്‍ ചാറ്റ്.