കൊച്ചി: കോവിഡ് 19 കാരണം ഗള്‍ഫുകളില്‍ നിന്ന് തിരിച്ചുവരുന്നവരില്‍ സ്വന്തമായി ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസ്സി ക്ഷേമനിധിയില്‍ (ICWF) നിന്നും ടിക്കറ്റിനുള്ള സഹായം നല്‍കാമെന്ന് ഹൈക്കോടതി വിധി. ജസ്റ്റിസ് അനു ശിവരാമന്റേതാണ് വിധി. ഓരോരുത്തരും വ്യക്തിപരമായി നിവേദനം എംബസ്സിക്ക് കൊടുക്കണം. അതേ തുടര്‍ന്ന് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് എംബസ്സി വൈകാതെ തന്നെ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് വിധിയില്‍ പറഞ്ഞു.
പാസ്‌പ്പോര്‍ട്ടും വിസയും ടിക്കറ്റിനുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തി വേണം അപേക്ഷ എംബസ്സിക്കു സമര്‍പ്പിക്കാന്‍.
മതിയായ രേഖകളോടെ എംബസ്സിയെ സമീപിച്ചാല്‍ സഹായം ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നല്‍കിയിരുന്നു. പാവപ്പെട്ട പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ എംബസ്സി ക്ഷേമനിധി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനും എംബസ്സികള്‍ക്കും നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിക്കു സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വിധി.