കോഴിക്കോട്: കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ചു മരണപ്പെട്ടു. കോഴിക്കോട് മാവൂര്‍ സ്വദേശിനി സുലൈഖയാണ് മരിച്ചത്. 56 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 10 ആയി. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായിട്ടാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ ഉംറ കഴിഞ്ഞ് തിരികെയെത്തിയതിന് ശേഷം ക്വാറന്റീനില്‍ കഴിയുന്നവരാണ്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് സുലൈഖയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇവരുടെ ഭര്‍ത്താവും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി പെട്ടന്ന് മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 50 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.