ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്. എണ്ണായിരത്തിനു മുകളിലാണ് തുടര്‍ച്ചയായി മൂന്നാം ദിവസവും രോഗികളുടെ വര്‍ധനവ്. 204 പേരാണ് 24 മണിക്കൂറില്‍ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 5598 പേര്‍ ഇതിനോടകം രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടു കഴിഞ്ഞു.
ആദ്യമായി എണ്ണായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മേയ് 31നാണ്. ജൂണ്‍ ഒന്നിന് 8392 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. രോഗികളുടെ എണ്ണം ഈ രീതിയില്‍ വര്‍ധിക്കുകയാണെങ്കില്‍ നാളെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടും. മഹാരാഷ്ട്രയിലാണ് ഇത് വരെ എറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥീരികരിച്ചത്. രോഗികളുടെ എണ്ണം 30,000 കടന്ന മഹാരാഷ്ടയില്‍ തന്നെയാണ് എറ്റവും കൂടുതല്‍ മരണങ്ങളും. തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ ഗുരുതരമാണ്.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 1) 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ആകെ 708 രോഗികളാണ് ഉള്ളത്. 10 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.