ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 311 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി ഉയര്‍ന്നു. 11929 പേര്‍ക്കാണ് 24 മണിക്കൂറിനിടെ(ജൂണ്‍ 14 രാവിലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച്) കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 320922 ആയി. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്.
രാജ്യത്തെ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ രോഗം ബാധിച്ചത് 104568 പേര്‍ക്കാണ്. തമിഴ്നാട്ടില്‍ 42687 പേരും ദില്ലിയില്‍ 38958 പേരും കൊവിഡ് ബാധിതരായെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇന്ത്യയില്‍ 50.59 ശതമാനം പേര്‍ക്ക് രോഗം ഭേദമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദില്ലിയില്‍ കൊവിഡ് മരണ നിരക്കും രോഗബാധയും കൂടുന്ന സാഹചര്യത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്ത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.
അതേസമയം കേരളത്തില്‍ ഇന്നലെ (ജുണ്‍ 13) 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 19 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.