കോവിഡ് ലക്ഷണമുള്ള പ്രവാസികള്‍ക്ക് പ്രത്യേക വിമാനം വേണമെന്ന് കേരളം; വിഷയം പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: കോവിഡ് ലക്ഷണമുള്ളവരേയും ഇല്ലാത്തവരേയും ഒരു വിമാനത്തില്‍ നാട്ടിലെത്തിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ലക്ഷണമുള്ളവര്‍ക്കായി പ്രത്യേക വിമാനം സജ്ജീകരിക്കണം. വിഷയം മറ്റന്നാള്‍ നടക്കുന്ന വീഡിയോ കോണ്‍ഫ്രന്‍സിംഗ് യോഗത്തില്‍പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിഷയത്തില്‍ കേന്ദ്രതീരുമാനം അറിഞ്ഞതിനു ശേഷം മാത്രമായിരിക്കും മറ്റു കാര്യങ്ങളിലേക്ക് കടക്കുക. കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും വന്ദേഭാരത് വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി തിരിച്ചു വരണം എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് പുതിയ തീരുമാന പ്രകാരം ആവശ്യം വരില്ലെന്നും കേരള സര്‍ക്കാര്‍ അറിയിച്ചു.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ കോവിഡ് പരിശോധനകളായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്റി ബോഡി ടെസ്റ്റോ നിര്‍ബന്ധമായും നടത്തണമെന്ന് കഴിഞ്ഞ ദിവസമാണ് കേരള സര്‍ക്കാര്‍ ഉത്തരവിട്ടത്. പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെത്തുന്നവര്‍ക്ക് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നിരിക്കെ ഈ നിബന്ധന കൊണ്ടുവന്നത് പ്രവാസി സംഘടനകള്‍ക്കിടയില്‍ നിന്ന് വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചിലവും കണക്കിലെടുത്ത് പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കരുതെന്നും സുരക്ഷാ പ്രശ്‌നം മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്ന് പരിഹാരം കാണണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.