ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രികര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷക്ക് വേണ്ടി; കെ.കെ ശൈലജ

തിരുവനന്തപുരം: പ്രവാസികളുടെ സുരക്ഷയെ പരിഗണിച്ചാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന വേണമെന്ന് കേരള സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ചൊവ്വാഴ്ച നടക്കുന്ന വീഡിയോ കോണ്‍ഫ്രന്‍സ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

യാത്രക്കാര്‍ക്കിടയില്‍ ഒരാള്‍ കോവിഡ് പോസിറ്റീവായാല്‍ കൂടെയുള്ളവര്‍ക്കും രോഗം വരാനുള്ള സാധ്യത വര്‍ദ്ധിക്കും. അതിനാലാണ് സര്‍ക്കാര്‍ പരിശോധന നിര്‍ദ്ദേശിച്ചത്. ഗര്‍ഭിണികള്‍, മറ്റ് രോഗം ബാധിച്ചവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കൊപ്പം കോവിഡ് പോസിറ്റീവ് ആയവര്‍ യാത്ര ചെയ്താല്‍ അത് ബുദ്ധിമുട്ടുണ്ടാക്കും. രോഗം മറ്റുള്ളവരിലേക്ക് പടരാനും ഇതു കാരണമാകും. എന്നാല്‍ കേന്ദ്രത്തിനാണ് വിദേശ രാജ്യത്ത് നടക്കുന്ന കാര്യമായതിനാല്‍ തീരുമാനമെടുക്കാന്‍ അധികാരം. പ്രവാസി മലയാളികള്‍ക്ക് ടെസ്റ്റ് നടത്തണം എന്ന തീരുമാനം കേന്ദ്രം എടുക്കുമെന്ന് കരുതുന്നു എന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 10 ശതമാനം ആളുകള്‍ക്ക് മാത്രമാണെങ്കിലും സമൂഹ വ്യാപനമുണ്ടാകില്ലെന്ന് പറയാനാവില്ല. സംസ്ഥാനത്ത് ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനായി വളണ്ടിയര്‍മാരുണ്ട്. ക്വാറന്റീനിലിരിക്കുന്നതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദം അനുഭവപെടുന്നവര്‍ക്ക് പ്രത്യേകം കൗണ്‍സിലിങ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.