വുഹാന്‍: ചൈനയില്‍ കോവിഡിന്റെ രണ്ടാം വരവ് രാജ്യത്തെ വീണ്ടും ആശങ്കയിലാക്കുന്നു. ബെയ്ജിംഗിലെ ച്ചിന്‍ഫാദി മാര്‍ക്കറ്റില്‍ നിന്നാണ് രാജ്യത്ത് വീണ്ടും രോഗവ്യാപനം ഉണ്ടായത്. സ്ഥിതിഗതികള്‍ ഗുരുതരമാകാതിരിക്കാന്‍ മാര്‍ക്കറ്റ് അടച്ചു പൂട്ടി. കൂടാതെ സമീപത്തെ പത്ത് പ്രദേശങ്ങള്‍ കൂടി ഇന്ന് അടച്ചു കഴിഞ്ഞ പൂട്ടി. ഏപ്രിലിന് ശേഷം ആദ്യമായി ഇന്നലെ 50ലേറെ പോസിറ്റീവ് കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ അതീവ ജാഗ്രതയോടെയാണ് രാജ്യം പ്രതിരോധ സജ്ജീകരണങ്ങളൊരുക്കുന്നത്. ടൂറിസം, കായിക മേഖലകളെല്ലാം നിര്‍ത്തിവെച്ചു. മാര്‍ക്കറ്റ് സന്ദര്‍ശിച്ച ആയിരക്കണക്കിനാളുകളെ പരിശോധനയ്ക്ക് വിധേയമാക്കി കഴിഞ്ഞു. കോവിഡ് രോഗികളെക്കാള്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളാണ് ആരോഗ്യപ്രവര്‍ത്തകരുടെ പുതിയ വെല്ലുവിളി. വുഹാനിലെ മാര്‍ക്കറ്റില്‍ വിറ്റ വന്യജീവിയില്‍ നിന്നാണ് ആദ്യമായി വൈറസ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ച്ചിന്‍ഫാദി മാര്‍ക്കറ്റിലേക്ക് രോഗമെത്തിയത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ലോക്ക്ഡൗണ്‍ ഇളവില്‍ നിര്‍ണായക പ്രഖ്യാപനം നടത്തി. കഫേയും റസ്റ്റോറന്റുകളും തുറന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കി.