ജിദ്ദ: സൗദിയിൽ നിന്ന് യാത്ര ചെയ്യുന്നതിന് കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് പരിഹാരം കാണാനുള്ള നീക്കവുമായി ഇന്ത്യൻ എംബസ്സി വൃത്തങ്ങൾ.
കേരളത്തിലേക്കു യാത്ര ചെയ്യുന്നവർക്കായി റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് സൗദിയിലെ വിദേശകാര്യ മന്ത്രാലയത്തിനും ആരോഗ്യ മന്ത്രാലയത്തിനും അപേക്ഷ സമർപ്പിച്ചിരിക്കയാണ് റിയാദിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം.
ഈ നീക്കം വിജയിച്ചാൽ സൗദിയിൽ നിന്ന് യാത്രക്കൊരുങ്ങി നിൽക്കുന്ന മലയാളികൾക്ക് വലിയൊരാശ്വാസമാകും അത്. മാത്രമല്ല ഈ കാരണം കൊണ്ട് ഏറെ പഴി കേൾക്കേണ്ടി വന്ന കേരള സർക്കാറിനും വലിയൊരാശ്വാസമാകും അത്.
സൗദിയിലെ വിവിധ ആശുപത്രികളുമായും ക്ലിനിക്കുകളുമായും സഹകരിച്ച് റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള അനുമതിക്കായാണ് എംബസ്സി അപേക്ഷ നൽകിയിരിക്കുന്നത്. തെക്കേ ഇന്ത്യൻ സംസ്ഥാനമായ കേരളം കോവിഡ് വ്യാപനം തടയുന്നതിനായി യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് ചെയ്തു വേണം അനുമതി നൽകാൻ എന്ന് നിബന്ധന വെച്ചതിനാലാണ് സൗദിയോട് ഇക്കാര്യം ആവശ്യപ്പെടുന്നത് എന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.
ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെ ഈ നയതന്ത്രതല നീക്കം വിജയിക്കുന്ന പക്ഷം സൗദി മലയാളികളെ സംബന്ധിച്ച് വലിയൊരാശ്വാസം തന്നെ ആകും അത്. അടിയന്തിരമായി നാട്ടിലേക്കു പോകേണ്ടതുള്ള ആയിരങ്ങളാണ് പേരു രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. സൗദി അധികൃതർ അനുകൂലമായി പ്രതികരിക്കുന്ന പക്ഷം ചാർട്ടർ വിമാനങ്ങളിലും വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലുമുള്ള യാത്രകൾക്കുള്ള എല്ലാ വിധ തടസ്സങ്ങളും നീങ്ങുന്നതായിരിക്കും.