തിരുവനന്തപുരം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിനെതിരെ ഉണ്ടായിരിക്കുന്ന വര്‍ഗീയ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംവിധായകനായ ആഷിഖ് അബു, നടന്‍ പൃഥ്വിരാജ് തുടങ്ങിയവര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണമുണ്ടായിരിക്കുന്നത്. വാരിയന്‍കുന്നത്തിനെതിരെ വര്‍ഗീയ പ്രചാരണങ്ങളും സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയും ഉയര്‍ത്തി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. പിന്നാലെയാണ് നിലപാടറിയിച്ച് മുഖ്യമന്ത്രിയും രംഗത്ത് വന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ
‘വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നമ്മുടെ നാട്ടില്‍ ധീരമായ രീതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ഒരു പടനായകനാണ്. ഈ വിവാദം എന്റെ ശ്രദ്ധയില്‍ ഇല്ല. പക്ഷേ അതൊരു പടനായകനാണ് എന്നത് നമ്മള്‍ ഓര്‍ക്കണം. അദ്ദേഹത്തെ ആദരിച്ചുകൊണ്ടുതന്നെയാണ് കേരളം എല്ലാക്കാലത്തും പോയിട്ടുള്ളത്. അതിനകത്ത് വേറെ വര്‍ഗീയചിന്തയുടെ ഭാഗമായി എന്തെങ്കിലും വരുന്നുണ്ടോ എന്ന് എനിക്കറിയില്ല’
വാരിയന്‍ കുന്നന്‍ സിനിമ ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും പൃഥിരാജ് പിന്മാറണമെന്നും ഹിന്ദു ഐക്യവേദി പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറില്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത നില്‍ക്കുന്നവരില്‍ നിന്നും ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.