മനാമ: ബഹ്‌റൈനില്‍ നിന്നുള്ള ഐ.സി.എഫിന്റെ ആദ്യ വിമാനം 175 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതരായെത്തി. ജോലി നഷ്ടപ്പെട്ടവര്‍ 35 പേര്‍, ജോലി കുറവായതിന്റെ പേരില്‍ നാട്ടിലേക്ക് പോകുന്നവര്‍ 18, വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിപ്പോയവര്‍ 10, വീട്ടിലെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്ന 34 പേര്‍, ചികിത്സാര്‍ത്ഥം പോകുന്ന 35 പേര്‍, സ്ത്രീകളും കുട്ടികളുമടക്കം 43 എന്നിങ്ങനെയാണ് ഫ്‌ളൈറ്റിലെ യാത്രക്കാര്‍.
അഞ്ച് ശതമാനം സൗജന്യ യാത്രക്കാരും അഞ്ചു ശതമാനം പേര്‍ക്ക് പകുതി നിരക്കിലും പത്തു ശതമാനം പേര്‍ 10 മുതല്‍ 40 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ച് കൊടുത്തും ഈ ദുരിത സമയത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകാന്‍ ഐ.സി.എഫിന് കഴിഞ്ഞു. ബഹ്‌റൈനിലെ ജേര്‍ണീസ് ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് ഫൈറ്റ് ചാര്‍ട്ട് ചെയ്തിരുന്നത്. നാലു മാസം വരെ ജോലിയും ശമ്പളവുമില്ലാതെ റൂമുകളില്‍ കഴിയേണ്ടി വന്ന നിരവധി പ്രവാസികള്‍ക്ക് സമാശ്വാസമാകാന്‍ ഐ.സി.എഫിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാകുന്ന തരത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് ഈടാക്കിയിട്ടുള്ളത്. ഐ.സി.എഫിന്റെ സ്‌നേഹ സമ്മാനമായി മുഴുവന്‍ യാത്രക്കാര്‍ക്കും ഭക്ഷണക്കിറ്റുകള്‍ നല്‍കാനും ഐ.സി.എഫിന് സാധിച്ചു. നാട്ടിലേക്ക് യാത്ര പോകാനായി നിരവധി കോളുകളാണ് ഇപ്പോഴും ഐ.സിഎഫ് പ്രവര്‍ത്തകരിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.