മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാടണയാനായി പൂർണമായും ഭാഗികമായും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്). വിമാന ടിക്കറ്റിനായി സഹായം ആവശ്യമുള്ള പ്രവാസികള്‍ ഐ.സി.ആര്‍.എഫ് അംഗങ്ങളുമായോ റീജനല്‍ ഫോറം അംഗങ്ങളുമായോ ബന്ധപ്പെടാം. പി.എസ്. ബാലസുബ്രഹ്മണ്യം, അഡ്വ. മാധവന്‍ കല്ലത്, മണി ലക്ഷ്മണമൂര്‍ത്തി എന്നിവരാണ് അംഗീകാര സമിതി അംഗങ്ങള്‍.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ സഹായിക്കുന്നതിനായി നിരവധി പദ്ധതികള്‍ നേരത്തെ ഐസിആര്‍എഫിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ മാനസിക വെല്ലുവിളി അനുഭവിക്കുന്നവര്‍ക്കായി വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് ഐസിആര്‍എഫ് വെബിനാറും സംഘടിപ്പിക്കുന്നുണ്ട്. വൈകാരിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് റേഡിയോ ചാനല്‍ 104.2 എഫ്.എമ്മിന്റെ പിന്തുണയോടെയാണ് ആദ്യത്തെ വെബിനാര്‍ നടത്തിയത്. ഡോ. ബാബു രാമചന്ദ്രന്‍, ഡോ. വിവേക് മണി എന്നിവര്‍ പങ്കെടുത്തു. ജൂഹി ശര്‍മ മോഡറേറ്ററായിരുന്നു.
തൊഴില്‍ അപകടസാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന രണ്ടാമത്തെ വെബിനാറില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഹെയ്കി, ഡോ. ബാബു രാമചന്ദ്രന്‍, അഡ്വ. വി.കെ. തോമസ് എന്നിവര്‍ പാനല്‍ അംഗങ്ങളായിരുന്നു. രാജി ഉണ്ണികൃഷ്ണനാണ് വെബിനാര്‍ മോഡറേറ്റ് ചെയ്തത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 39224482 (ജോണ്‍ ഫിലിപ്പ്), 39653007 (പങ്കജ് നല്ലൂര്‍) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.