മനാമ: വന്ദേഭാരത് റീപാട്രീഷന്‍ ദൗത്യത്തിന്റെ നാലാംഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് നാല് വിമാനങ്ങള്‍ മാത്രം. ജൂലൈ ഒന്ന് മുതല്‍ പതിനഞ്ച് വരെയുള്ള നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് 33 വിമാനങ്ങളുണ്ടാവുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ട ഷെഡ്യൂളില്‍ നാല് വിമാനങ്ങള്‍ മാത്രമാണുള്ളത്. ജൂലൈ 3 മുതൽ 14 വരെയാണ് പുതിയ ഷെഡ്യൂൾ. പതിനാല് വിമാനങ്ങളാണ് ആകെ ബഹ്റൈനിൽ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇവയിൽ നാലെണ്ണം കേരളത്തിലേക്കാണ്.
ജൂലൈ മൂന്നിനും പതിനൊന്നിനും കോഴിക്കോട്ടേക്കും ജൂലൈ അഞ്ചിന് കണ്ണൂരിലേക്കും ജൂലൈ പതിനാലിന് കൊച്ചിയിലേക്കുമാണ് പുതിയ ഷെഡ്യൂള്‍ അനുസരിച്ച് വിമാനങ്ങളുള്ളത്. മറ്റുള്ളവ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കാണ്. ജൂലൈ 12ന് മംഗലാപുരത്തേക്കും സർവീസ് നടത്തുന്നുണ്ട്.
40മുതല്‍50 വരെ വിമാനങ്ങളാണ് പ്രവാസ ലോകത്ത് നിന്ന് ദിവസവും പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജൂലൈയില്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രവാസികളെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാവും സംസ്ഥാന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ ശ്രമിക്കുക. ദൗത്യ വിമാനങ്ങളെത്തുന്നതോടെ പ്രതിസന്ധിയിലായ കൂടുതല്‍ പേര്‍ കേരളത്തിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷ.