മനാമ: വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കിയവര്‍ ഇനി ഇന്ത്യന്‍ എംബസിയില്‍ പോകേണ്ടതില്ല. എംബസിയില്‍ നിന്ന് വിളി വരുന്നവര്‍ക്ക് ഇനി എയര്‍ ഇന്ത്യ ഓഫിസിലേക്ക് എത്തിയാല്‍ മതിയാകും. യാത്രയുമായി ബന്ധപ്പെട്ട ടിക്കറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ ഇനി എയര്‍ ഇന്ത്യ ഓഫിസിലായിരിക്കും ചെയ്യുക.
നേരത്തെ മടക്കയാത്രക്കായി അവസരം ലഭിക്കുന്നവർ എംബസിയിൽ പോയി ടോക്കൺ എടുത്തതിന് ശേഷമായിരുന്നു എയർ ഇന്ത്യാ ഓഫീസിലേക്ക് പോകേണ്ടിയിരുന്നത്. കടുത്ത വേനലിലും എംബസിക്ക് മുന്നിൽ ടോക്കൺ എടുക്കാനായ് എത്തുന്നവരുടെ നീണ്ട വരികൾ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വലിയൊരു ആശ്വാസമാണ് എംബസിയുടെ ഈ തീരുമാനത്തോടെ ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാർക്ക് ലഭിച്ചിരിക്കുന്നത്.
വന്ദേഭാരത് റീപാട്രീഷന്‍ ദൗത്യത്തിന്റെ നാലാംഘട്ടത്തില്‍ ബഹ്റൈനില്‍ നിന്ന് കേരളത്തിലേക്ക് നാല് വിമാനങ്ങളാണുള്ളത്. ജൂലൈ ഒന്ന് മുതല്‍ പതിനഞ്ച് വരെയുള്ള നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് 33 വിമാനങ്ങളുണ്ടാവുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഷെഡ്യൂളില്‍ നാല് വിമാനങ്ങള്‍ മാത്രമാണുള്ളത്. ജൂലൈ 3 മുതല്‍ 14 വരെയാണ് പുതിയ ഷെഡ്യൂള്‍. പതിനാല് വിമാനങ്ങളാണ് ആകെ ബഹ്‌റൈനില്‍ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇവയില്‍ നാലെണ്ണം കേരളത്തിലേക്കാണ്.
ജൂലൈ മൂന്നിനും പതിനൊന്നിനും കോഴിക്കോട്ടേക്കും ജൂലൈ അഞ്ചിന് കണ്ണൂരിലേക്കും ജൂലൈ പതിനാലിന് കൊച്ചിയിലേക്കുമാണ് പുതിയ ഷെഡ്യൂള്‍ അനുസരിച്ച് വിമാനങ്ങളുള്ളത്. മറ്റുള്ളവ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കാണ്. ജൂലൈ 12ന് മംഗലാപുരത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. എംബസിയിൽ നിന്ന് വിളിക്കുന്നവർക്ക് ഇനി എയർ ഇന്ത്യാ ഓഫീസിൽ നേരിട്ട് പോയി ടിക്കറ്റെടുക്കാം.