കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ ജില്ലയില്‍ അതീവ ജാഗ്രത. ജൂണ്‍ 27-ന് ഉച്ചയ്ക്ക് വീട്ടില്‍ വെച്ചു തൂങ്ങിമരിച്ച വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണനാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഇയാള്‍ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. മരണശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പരിശോധിച്ചപ്പോഴാണ് കോവിഡ് ബാധിതനായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ആദ്യ പരിശോധനാ ഫലം പോസറ്റീവായതിനെ തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത സിഐ അടക്കമുള്ള ഏഴ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവായതിനാല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ മൂന്ന് വാര്‍ഡുകള്‍ ഉടനെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കും.
ഫ്ളാറ്റിലെ 37 സാംപിളുകള്‍ ഇന്നലെ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളുടെയും അയല്‍വാസികളുടെയും സാംപിളുകള്‍ ഉടന്‍ തന്നെ പരിശോധനക്കയക്കും. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉറവിടം തിരിച്ചറിയാനാകാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് കോവിഡ് ജാഗ്രത കര്‍ശനമായി തുടരുകയാണ്. ഇന്നലെ കേരളത്തില്‍ 151 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.