കൊച്ചി: പ്രവാസികളുമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ന് 14 വിമാനങ്ങള്‍ എത്തും. 22,860 പ്രവാസികളാണ് അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദുബായ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി കൊച്ചിയില്‍ എത്തുന്നത്. ഡല്‍ഹി വഴിയാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ചിക്കാഗോയില്‍ നിന്നുമുള്ള വിമാനങ്ങള്‍ കൊച്ചിയില്‍ എത്തുക. 3,910 പ്രവാസികളാണ് ഇന്നലെ 19 വിമാനങ്ങളിലായി കേരളത്തിലെത്തിയത്.
ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് ചിക്കാഗോയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തുക. വന്ദേഭാരത് മിഷന്റെ ഭാഗമായി നടത്തുന്ന സര്‍വീസാണിത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി അമേരിക്കയില്‍ ആയിരുന്ന സംവിധായകന്‍ സിദ്ദിക്കും ഇതിലുണ്ട്. അമേരിക്കയില്‍ നിന്ന് വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിലും സര്‍വ്വീസുകള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തെ മനപ്പൂര്‍വ്വം പരിഗണിക്കാതിരിക്കുകയാണ് എന്ന പരാതിയുണ്ടായിരുന്നു. വന്ദേഭാരത് സര്‍വ്വീസുകള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികളടക്കം ആയിരത്തിലധികം മലയാളികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.