മനാമ: ബഹ്‌റൈനില്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമുള്ള വീട്ടുനിരീക്ഷണം 10 ദിവസമായി കുറച്ചു. നേരത്തെ നിരീക്ഷണ കാലാവധി 14 ദിവസമായിരുന്നു. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വീട്ടുനിരീക്ഷണ കാലാവധിയും സമാന രീതിയില്‍ കുറച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്റേതാണ് പുതിയ തീരുമാനം.
വിശദമായ പഠനങ്ങള്‍ക്കും പരിശോധകള്‍ക്കും ശേഷമാണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅഇ് പറഞ്ഞു. സ്വന്തം താല്‍പ്പര്യത്തില്‍ കോവിഡ് പരിശോധന ആഗ്രഹിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാമെന്നും അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി ലൈസന്‍സ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.