മനാമ: ബഹ്‌റൈനില്‍ നിര്യാതനായ മലപ്പുറം മൊറയൂര്‍ സ്വദേശിയും ബഹ്റൈന്‍ ബാസ് കമ്പനി ജീവനക്കാരും ആയ സുധീര്‍ കുമാറിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ബഹ്‌റൈന്‍ പ്രതിഭ. സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രതിഭ ഉമ്മല്‍ഹസം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ. വി. അശോകന്‍ ചെയര്‍മാനും ഡി. സലിം ജനറല്‍ കണ്‍വീനറും വര്ഗീസ് ജോര്‍ജ് ട്രഷററും ആയി വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. സുധീറിന്റെ ഭൗതിക ശരീരം കഴിഞ്ഞ ബുധനാഴ്ച നാട്ടില്‍ എത്തിച്ചു സംസ്‌കാരം നടത്തിയിരുന്നു.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ബഹ്റൈന്‍ പ്രവാസി ആയി ജോലി ചെയ്യുന്ന സുധീര്‍ മാതൃകാപരമായി സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി ആയിരുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് അശരണരെ സഹായിക്കാനായി ബഹ്‌റൈന്‍ പ്രതിഭ ഉമ്മുല്‍ ഹസം യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് രക്ഷാധികാരി സമിതി അംഗം എന്ന നിലയില്‍ മികച്ച പിന്തുണ നല്‍കി കൊണ്ട് പ്രവര്‍ത്തിച്ചിരുന്നു. ഇതിനടയിലാണ് മരണം സംഭവിക്കുന്നത്.
വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ പിതാവാണ് സുധീര്‍. ഭാര്യ രജീഷ, അനീന (ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥി) അര്‍ച്ചന ( പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി)അരുന്ധതി ( നാലാം ക്ലാസ് വിദ്യാര്‍ത്ഥി ) എന്നിവര്‍ മക്കളാണ്. അച്ഛന്‍ കുമാരന്‍, അമ്മ ശകുന്തള. സുധീറിന്റെ മരണത്തോടെ നിരാലംബം ആയ കുടുംബത്തെ സംരക്ഷിക്കുന്നതിനും മക്കളുടെ തുടര്‍ പഠനം തടസ്സമില്ലാതെ തുടരുന്നതിനും ഉള്ള എല്ലാ സഹായവും ബഹ്റൈന്‍ പ്രതിഭ നല്‍കും എന്ന് ബഹ്റൈന്‍ പ്രതിഭ ഉമ്മല്‍ഹസ്സം യൂണിറ്റ് പ്രസിഡന്റ് എ സുരേഷ് സെക്രെട്ടറി സജീവന്‍. എം എന്നിവര്‍ അറിയിച്ചു.
ഇതിലേക്ക് ബഹ്റൈന്‍ പ്രതിഭ ഉമ്മല്‍ഹസ്സം യൂണിറ്റിലെ എല്ലാ അംഗങ്ങളും കുറഞ്ഞത് ഒരു ദിവസ വേതനം നല്‍കും. അതിനു മുകളില്‍ സംഭാവന ചെയ്യാന്‍ കഴിയുന്നവര്‍ അത് നല്‍കുകയും സുഹൃത്തുക്കളില്‍ നിന്നും ഉദാരമതികളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 39291940 , 36932513 39125889 , 33155041 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു .