മനാമ: ലഗേജ് കൊണ്ടുപോകുന്നതിന് ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അനുവദിക്കില്ലെന്ന് ഗള്‍ഫ് എയര്‍. ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്‍സികൾക്കയച്ച അറിയിപ്പിലാണ് ഈ വിവരമുള്ളത്. സാധരണ വലിപ്പമുള്ള സൂട്ട്കെയ്സുകളോ ബാഗുകളോ മാത്രമെ ചെക്ക്ഡ് ബാഗേജായി കൊണ്ടുപോകാന്‍ സാധിക്കു എന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
23 കിലോ വീതമുള്ള രണ്ടു ബാഗുകളാണ് അനുവദിച്ചിട്ടുള്ളത്. നിശ്ചിത വലുപ്പത്തില്‍ അധികമാവുകയോ ബാഗേജുകള്‍ ശരിയായ രൂപത്തില്‍ അല്ലെങ്കിലോ കമ്പനിക്ക് ബാഗേജുകള്‍ നിരസിക്കാന്‍ അധികാരമുണ്ടെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പ്രവാസികളെയെത്തിക്കുന്ന പ്രധാന എയര്‍ലൈന്‍ കമ്പനിയാണ് ഗള്‍ഫ് എയര്‍. പ്രവാസി സംഘടനകള്‍ ഒരുക്കുന്ന മിക്ക ചാര്‍ട്ടേഡ് വിമാനങ്ങളും ഗള്‍ഫ് എയറിന്റേതാണ്.