ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറില്‍ 24,879 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി. 21,129 പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങിയത്. ഇന്നലെ മാത്രം 487 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏകദേശം 4.76 ലക്ഷം പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 2,64,944 പേര്‍ വിവധ സംസ്ഥാനങ്ങളിലായി ഇന്ത്യയില്‍ ചികിത്സയിലുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിലും ഇന്ത്യയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി പുറത്തുവിട്ട വിവരം. ഇന്ത്യയിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചെറിയ തോതില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെങ്കിലും ഒരു രാജ്യമെന്ന നിലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ പ്രധാന ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 5,134 പുതിയ കേസുകളും 224 മരണങ്ങളുമാണ്. ഇതോടെ 9,250 ആയി മഹാരാഷ്ട്രയിലെ കോവിഡ് മരണ നിരക്ക്. ഇന്നലെ മാത്രം ഡല്‍ഹിയില്‍ 2,008 പേര്‍ക്കും തമിഴ്നാട്ടില്‍ 3,616 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ 3,165 പേര്‍ ഡല്‍ഹിയിലും 1,636 പേര്‍ തമിഴ്നാട്ടിലും ഇതുവരെ മരിച്ചു.
അതേസമയം കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കൂടി വരുകയാണ്. ഇന്നലെ മാത്രം (ജൂലൈ 8) 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 27 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.