മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ വിവിധ മേഖലകള്‍ക്ക് നടപ്പിലാക്കിയിട്ടുള്ള ആരോഗ്യ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്ന് ബഹ്റൈന്‍. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മഹാമരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് ജനങ്ങള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ സഹായ പദ്ധതികള്‍ ഗുണകരമായി എന്നും യോഗം വിലയിരുത്തി.
സാമൂഹിക അകലം പാലിക്കുന്നതിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. വ്യക്തി തലത്തില്‍ വേണ്ട രീതിയിലുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും. പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
ലോകരാജ്യങ്ങളുടെ പ്രശംസ പിടിച്ചുപറ്റുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈനില്‍ നടപ്പിലാക്കിയത്. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് യോഗം വിലയിരുത്തി. ജനങ്ങളില്‍ കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതിനായി ബോധവത്കരണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.