കൊച്ചി: കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരണപ്പെട്ടത്. ഇദ്ദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പ്ലാസ്മ തെറാപ്പി തുടങ്ങിയ ചികിത്സകള്‍ ലഭ്യമായെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി.
കുഞ്ഞുവീരാനെ ജൂലൈ എട്ടിന് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. കര്‍ഷകനായ ഇദ്ദേഹം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി ആലുവ-മരട് മാര്‍ക്കറ്റുകളിലാണ് പോയിരുന്നത്. അവിടെ നിന്നായിരിക്കും രോഗബാധ ഉണ്ടായതെന്നാണ് സംശയം. ഇദ്ദേഹത്തെ കൂടാതെ കുടുംബത്തിലെ 13 പേരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്‌കരിക്കുക.