മനാമ: പാലത്തായി പീഡന കേസില്‍ പ്രതിക്കെതിരെ നിസാര വകുപ്പുകള്‍ പോലീസ് നടപടിക്കെതിരെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (എസ്ഡബ്ല്യുഎ) പ്രതിഷേധ രാവ്. കേസില്‍ പോക്‌സോ ചുമത്താതെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ നിസ്സാര വകുപ്പുകള്‍ മാത്രം ചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുക വഴി പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനും ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്ത കൂട്ടുപ്രതികള്‍ക്കും രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത് എന്ന് എസ്ഡബ്ല്യുഎ കുറ്റപ്പെടുത്തി.
നീതി നിഷേധിക്കപ്പെട്ട ബാലികക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലത്തായി: അമ്മമാര്‍ക്കും ചിലത് പറയാനുണ്ട് എന്ന പേരില്‍ ജൂലൈ 19 ഞായറാഴ്ച രാത്രി 7.30 ന് എസ്ഡബ്ല്യുഎ പ്രതിഷേധ രാവ് സംഘടിപ്പിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ. സി. ആയിഷ ഉദ്ഘാടനം ചെയ്യുന്ന വെര്‍ച്വല്‍ പ്രധിഷേധത്തില്‍ നാട്ടിലെയും പ്രവാസ ലോകത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
സംഘ്പരിവാര്‍ നേതാക്കള്‍ പ്രതികളായ നിരവധി കേസുകളില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനോ ലഘുവായ ശിക്ഷ മാത്രം ലഭിക്കാനോ ഉള്ള പഴുതുകളാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായിട്ടുള്ളത്. ദലിതരും മുസ്ലിംങ്ങളും ഇരകളാകുന്ന എല്ലാ കേസുകളിലും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നുണ്ട്. വാളയാര്‍ കേസിലും വിനായകന്റെ കസ്റ്റഡി മര്‍ദ്ദനം അടക്കമുള്ള നിരവധി സംഭവങ്ങളില്‍ ഇത് വെളിപ്പെട്ടതാണ്. സിപിഎമ്മും സംഘ്പരിവാറും തമ്മില്‍ രൂപപ്പെട്ട ഒത്തു തീര്‍പ്പ് രാഷ്ട്രീയം കേരളത്തെ അപകടപ്പെടുത്തുമെന്നും എസ്ഡബ്ല്യുഎ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
പാലത്തായിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ കേരള ജനത ഒന്നടങ്കം ജാഗരൂഗരാകുകയും ബാലിക പീഢകരായ കശ്മലന്‍മാരെ സംരക്ഷിക്കുന്ന കേരള സര്‍ക്കാരിനെതിരില്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്യണമെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു.