മനാമ: ഇന്ത്യയില്‍ നിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്ന് ലോക കേരള സഭ. കോറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ ജി.സി.സി. രാജ്യങ്ങളില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആയിരകണക്കിന് പ്രവാസികളാണ് കേരളത്തില്‍ കുടുങ്ങിയത്.
കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന മലയാളിക്കിടയില്‍ ബഹ്‌റൈന്‍ കേരളീയ സമാജം നടത്തിയ വിവരശേഖരണത്തില്‍ ആയിരകണക്കിന് മലയാളികളാണ് മണിക്കുറുകള്‍ക്കകം രജിസ്റ്റര്‍ ചെയ്തത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തര വിമാന സര്‍വ്വീസിന്റെയോ, ചാര്‍ട്ടേഡ് വിമാനത്തിന്റെ ബദല്‍ സാധ്യതകളും പരിഗണിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ കേരള മുഖ്യമന്ത്രിയുടെയും നോര്‍ക്കയുടെയും പ്രധാനമന്ത്രിയുടെയും ഓഫിസിനെയും ബന്ധപ്പെട്ടിരുന്നു.
എന്നാല്‍ വിമാന സര്‍വീസുകളുടെ കാര്യങ്ങില്‍ കേരളാ സര്‍ക്കാറിന്റെ പരിമിതികള്‍ അറിയിച്ച് കൊണ്ടും എന്നാല്‍ ഈ വിഷയത്തില്‍ അടിയന്തിര ഇടപ്പെടല്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതുകയും ബഹ്‌റൈന്‍ കേരളീയ സമാജത്തിന് കേരളത്തിന്റെ പ്രിന്‍സിപ്പാള്‍ സെക്രട്ടറി ഇളങ്കോവന്‍ അതിന്റെ പകര്‍പ്പ് അയച്ച് തരികയും ചെയ്തിരുന്നു. എന്നാല്‍ വിമാന സര്‍വ്വീസുകളുടെ കാര്യത്തില്‍ ഉണ്ടാവുന്ന താമസം ആയിരകണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമടക്കം വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും,
വിസ കാലവധി തീരാനിരിക്കുന്നവരടക്കം വലിയൊരു വിഭാഗം ഗള്‍ഫ് മലയാളികള്‍ നേരിടുന്ന ഈ പ്രതിസന്ധി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപ്പെട്ട് വേഗത്തില്‍ പരിഹരിക്കണമെന്ന് ലോക കേരള സഭ അംഗങ്ങളായ പി.വി. രാധാകൃഷ്ണ പിള്ള, സോമന്‍ ബേബി, സുബൈര്‍ കണ്ണൂര്‍, സി.വി നാരായണന്‍, ബിജു മലയില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.